ഇംഗ്ലീഷ് പുരത്തേക്ക്

സ്വാഗതം

നൂതനവും ലളിതവും വ്യത്യസ്തവുമായ ഒരു ഫോർമുലയിലൂടെ അനായാസം ഇംഗ്ലീഷ് പഠിക്കാൻ ഒരിടം.

സ്ഫുടതയോടെ, ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാനും തെറ്റില്ലാതെ എഴുതാനും ആഗ്രഹിക്കാത്തവരായി ആരുണ്ട്? സമൂഹ മാധ്യമങ്ങള്‍ എല്ലാറ്റിനെയും വരിഞ്ഞുമുറുക്കിയ ഇക്കാലത്ത് ഇംഗ്ലീഷ് പരിജ്ഞാനമില്ലാതെ ദൈനംദിന  ജീവിതം ദുഷ്കരം. പഠനത്തിനും ആശയവിനിമയത്തിനും അറിവ് നേടാനും ലോക പരിജ്ഞാനത്തിനും ജോലി ലഭിക്കാനും പ്രൊമോഷൻ ലഭിക്കാനും വ്യക്തിത്വ വികസനത്തിനും വിനോദത്തിനും എല്ലാം ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം. 

ആയുധമില്ലാതെ ഗോദയിലിറങ്ങിയവന്റെ ദുരവസ്ഥയാണ് ഇംഗ്ലീഷ് ഭാഷ അറിയാത്തവരുടെ ജീവിതം.

ഇംഗ്ലീഷ് പഠിക്കാനാണെങ്കിലോ കാക്കത്തൊള്ളായിരം വഴികൾ. യൂട്യൂബ് വിഡിയോകൾ, ആപ്പുകൾ, പുസ്തകങ്ങൾ, ഓൺലൈൻ ക്ലാസുകൾ, അങ്ങിനെ നിരവധി മാർഗ്ഗങ്ങൾ. ഈ പൂരപ്പറമ്പിലേക്കാണ് Perfect English എന്ന ഈ ഇംഗ്ലീഷ് പഠന സഹായിയുടെ എഴുന്നള്ളത്ത്.

Perfect English മറ്റു എല്ലാ ഇംഗ്ലീഷ് പഠനസഹായികളിൽ നിന്നും വേറിട്ടുനിൽക്കുന്നു. വ്യത്യസ്തമെന്ന് വായനക്കാർ വിധിയെഴുതിയ ഒരു പുസ്തകം. കാലത്തിന്റെ മാറ്റങ്ങൾ സ്വാംശീകരിച്ച, ഭാഷയുടെ അർത്ഥതലങ്ങൾ ലളിതമായി വിശദീകരിക്കുന്ന ഒരു അപൂർവ പുസ്തകം

ഈ പുസ്തകത്തിന്റെ അഞ്ചു പ്രധാന സവിശേഷതകൾ താഴെ നൽകുന്നു.

പരിഷ്കരിച്ച നാലാം പതിപ്പ്

Pages: 416 | Price: ₹410

book cover

ഇത് വെറും ഒരു സ്പോക്കണ്‍ഇംഗ്ലീഷ് പുസ്തകമല്ല

ഇംഗ്ലീഷ് ഒന്നേയുള്ളൂ. Spoken English, Written English എന്നിങ്ങനെ വിഭജിക്കാൻ സാധ്യമല്ല. സംസാര ഭാഷയില്‍ സാധാരണ ഉപയോഗിക്കുന്ന പദങ്ങളും പ്രയോഗങ്ങളും സംഭാഷണങ്ങളും പഠിപ്പിക്കുന്ന പുസ്തകങ്ങളെയാണ് Spoken English വിഭാഗത്തില്‍ നാം ഉള്‍പ്പെടുത്തുന്നത്. പക്ഷെ അതുകൊണ്ട് മാത്രം ഇംഗ്ലീഷ് പഠനം പൂര്‍ണമാവുകയില്ല.

ഇത് ഒരു സമ്പൂര്‍ണ്ണ ഇംഗ്ലീഷ് പഠന സഹായിയാണ്. സ്കൂള്‍കുട്ടികള്‍  മുതല്‍ എം.എ ഇംഗ്ലീഷുകാര്‍ വരെയും പ്യൂണ്‍ മുതല്‍ ജനറല്‍ മാനേജര്‍ വരെയും കൊച്ചു മകന്‍/ള്‍ മുതല്‍ മുത്തശ്ശി വരെയും കുടുംബത്തില്‍ എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന പുസ്തകം.

ഒരു സ്പോക്കൺ ഇംഗ്ലീഷ് പുസ്തകമായി തുടങ്ങി സമ്പൂർണ ഇംഗ്ലീഷ് പഠന സഹായിയായി പരിണമിച്ച പുസ്തകം.

കയ്പ്പില്ലാത്ത ഗ്രാമർ പഠനം

ഗ്രാമർ പഠിക്കാതെ ഇംഗ്ലീഷ് പഠനം അസാധ്യം. ഗ്രാമറിനാണെങ്കിലോ, കഷായത്തിന്‍റെ കയ്പ്പും. പക്ഷേ മരുന്ന് തേനില്‍ കലര്‍ത്തുന്ന പോലെ ഈ പുസ്തകത്തില്‍ ഗ്രാമർ കലര്‍ത്തിയിരിക്കുന്നു. അത്യാവശ്യമായ, അടിസ്ഥാന ഗ്രാമർ മാത്രം.

ദിവസേന ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദങ്ങളുടെ അര്‍ത്ഥവും ഉപയോഗവും പഠിപ്പിക്കുന്ന വ്യത്യസ്തമായ ഒരു ശൈലിയാണ് ഈ പുസ്തകത്തില്‍ അവലംബിച്ചിട്ടുള്ളത്. ഇതിലൂടെ ഗ്രാമർ പഠനം അനായാസമാകുന്നു.

Will ഉം May യും Might ഉം Should ഉം Was ഉം എവിടെ ഉപയോഗിക്കും, എവിടെ ഉപയോഗിക്കില്ല എന്ന് പഠിക്കുമ്പോള്‍ നമ്മള്‍ പഠിക്കുന്നത് ഗ്രാമര്‍ തന്നെയാണ്.

നർമ്മത്തിന്റെ മേമ്പൊടി

410 പേജുള്ള ഒരു ഇംഗ്ലീഷ് പഠന സഹായി ഒരു സിനിമ കാണുന്ന ആസ്വാദനത്തോടെ അല്ലെങ്കില്‍ നോവല്‍ വായിക്കുന്ന ഉദ്വോഗത്തോടെ വായിച്ചു തീര്‍ക്കാന്‍ സാധിക്കുമോ? ഇല്ല. കാരണം സ്പോക്കണ്‍ ഇംഗ്ലീഷ് പുസ്തകത്തില്‍ കൊലപാതകങ്ങള്‍ സംഭവിക്കുന്നില്ല. പ്രേമമില്ല. സിനിമാതാരങ്ങൾ പ്രത്യക്ഷപ്പെടുന്നില്ല. അതുകൊണ്ട്തന്നെ വായന രസകരമാക്കാന്‍ ഈ പുസ്തകത്തില്‍ മറ്റൊരു ഫോർമുല ഉപയോഗിച്ചിരിക്കുന്നു – നർമ്മം.

കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ കാർട്ടൂണിസ്റ്റ് കെ. വി. എം. ഉണ്ണി (മാതൃഭൂമി) വരച്ച 40 കാർട്ടൂണുകൾ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സായിപ്പിന്റെ ഭാഷ മെരുക്കിയെടുക്കാനുള്ള മലയാളികളുടെ തത്രപ്പാടിലേക്കുള്ള സരസമായ ഒരെത്തിനോട്ടമാണ് ഈ കാർട്ടൂണുകൾ.

നിങ്ങൾ ഒറ്റക്കല്ല. നേഹയുണ്ട് കൂടെ.

Perfect English വായിക്കുമ്പോള്‍ നിങ്ങളുടെ കൂടെ നേഹയുണ്ടായിരിക്കും. നിങ്ങൾക്ക് വേണ്ടി നേഹ സംശയങ്ങള്‍ ചോദിക്കുന്നു. നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഭാഷയുടെ ഉള്ളറകളിലേക്ക് നേഹ നിങ്ങളെ കൈപിടിച്ചു കൊണ്ട്പോകുന്നു.

പക്ഷേ ആരാണ് തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്‌ എന്ന് മാത്രം നേഹക്ക്  അറിയില്ല. നിങ്ങൾക്കും. ഈ ആകാംക്ഷയാണ് നേഹയെ മുമ്പോട്ട് നയിക്കുന്നത്. ആദ്യ അധ്യായത്തിൽ തുടങ്ങുന്ന സസ്പെൻസ് അവസാനം വരെ തുടരുന്നു. 

സസ്പെന്സിന്റെ ചുരുളഴിയുമ്പോഴേക്കും ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ ഒരു കോഴ്സ് നിങ്ങൾ പൂർത്തിയാക്കുന്നു.

നൂറു കൂട്ടം സംശയങ്ങൾക്ക് മറുപടി

ഭാഷ പഠിച്ചു തുടങ്ങുന്നവർക്ക് മാത്രമല്ല നന്നായി പഠിച്ചവർക്ക് വരെ നൂറുകൂട്ടം സംശയങ്ങളാണ്. അതെന്താ അങ്ങിനെ? അതെന്താ ഇങ്ങിനെ? സംശയങ്ങൾ നല്ലതാണ്. എളുപ്പത്തിലും വേഗത്തിലും പഠിക്കാൻ സംശയങ്ങൾ ഉപകരിക്കും.

ഈ പുസ്തകം ഒരു പ്രാവശ്യം വായിച്ചാൽ നിങ്ങളുടെ നൂറുകൂട്ടം സംശയങ്ങൾക്ക് മറുപടി ലഭിക്കും. സമാനമായ വാക്കുകൾ തമ്മിലുള്ള അർത്ഥവ്യത്യാസം, പ്രയോഗത്തിൽ വരുന്ന തെറ്റുകൾ, ഉച്ചാരണ രീതി, അമേരിക്കൻ ഇംഗ്ലീഷും ബ്രിട്ടീഷ് ഇംഗ്ളീഷും തമ്മിലുള്ള വ്യതാസം അങ്ങിനെ സാധാരണ സംഭാഷണത്തിലും എഴുത്തിലും കടന്നുവരാറുള്ള സംശയങ്ങൾ ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നു. മാത്രമല്ല ഏറ്റവും നീളം കൂടിയ വാക്ക്, ട്വിറ്റർ പദങ്ങൾ, ചിക്കനില്ലാത്ത ചിക്കൻഗുനിയ തുടങ്ങി ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുള്ള നിരവധി രസകരമായ നുറുങ്ങുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

150 ഓളം ഇൻഫർമേഷൻ ബോക്സുകൾ ഈ പുസ്തകത്തിലുണ്ട്.

ലളിതമായ ശൈലി

ഇംഗ്ലീഷ് ഭാഷ ഒരു സാഗരമാണ്. അളവറ്റ പദങ്ങളും പ്രയോഗങ്ങളും കൊണ്ട് സമ്പന്നമായ ഒരു മഹാസാഗരം. എവിടെ തുടങ്ങണം, എന്തെല്ലാം ഉൾക്കൊള്ളിക്കണം, എങ്ങിനെ അവതരിപ്പിക്കണം എന്നതാണ് ഇതുപോലൊരു പുസ്തക രചയിതാവ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ലളിതമായ ശൈലിയാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര. ഇതിലെ ഒരു വാചകം പോലും വായനക്കാർക്ക് മനസ്സിലാകാതെ പോകരുതെന്ന് ഗ്രന്ഥകർത്താവിന് നിർബന്ധമുണ്ട്. ഭാഷയാകുന്ന സങ്കീർണമായ ഉപകരണം അഴിച്ചുവെച്ച് അതിന്റെ ഓരോ ഭാഗവും ലളിതമായി വിവരിച്ചിരിക്കുന്നു.

നീണ്ട പഠനത്തിന് ശേഷമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം തിരഞ്ഞെടുത്തിട്ടുള്ളത്. ഗ്രന്ഥകാരന്റെ അറിവും അനുഭവങ്ങളും സമന്വയിപ്പിച്ച ഒരു സൃഷ്ടി.

hussin ahmmed

 “നിരവധി മാസങ്ങൾ നീണ്ടുനിന്ന കഠിനപ്രയത്നത്തിന്റെയും അന്വേഷങ്ങളുടെയും ഫലമാണ് ഈ പുസ്തകം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രൊഫഷനലുകൾക്കും ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നവർക്കും ഇത് ഒരുപോലെ പ്രയോജനപ്പെടും എന്ന് ഞാൻ ഉറപ്പുതരുന്നു. വായനക്കാർ ഇരുകൈകളും നീട്ടി സ്വീകരിച്ച പുസ്തകം.”

ഹുസൈൻ അഹ്‌മദ്‌

ഗ്രന്ഥകാരനെക്കുറിച്ച്

കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ജർണലിസം ഏന്റ് മാസ്സ് കമ്മ്യൂണിക്കേഷനിൽ പി. ജി. ഡിപ്ലോമയും കരസ്ഥമാക്കിയ ഗ്രന്ഥകർത്താവിന് ഇംഗ്ലീഷ് പത്രപ്രവർത്തന രംഗത്ത് രണ്ടര പതിറ്റാണ്ടിലധികം പരിചയമുണ്ട്.

ബോംബെയിലും ഗൾഫിലും പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിൽ സേവനമനുഷ്ഠിച്ചു. മുംബൈയിൽ ഇന്ത്യൻ എക്‌സ്പ്രസ്സ് ഗ്രൂപ്പിലെ ഫിനാൻഷ്യൽ എക്‌സ്പ്രസ്സിൽ ഫീച്ചേഴ്‌സ് കോർഡിനേറ്റർ, അബുദാബിയിലെ ദി എമിരേറ്റ്‌സ് ന്യൂസ് പത്രത്തിൽ ബിസിനസ് എഡിറ്റർ, ഖത്തറിലെ ദി പെനിൻസുല പത്രത്തിൽ മാനേജിംഗ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

സൺഡേ ഒബ്‌സർവർ, ലണ്ടനിലെ ദി ഗാർഡിയൻ, മിഡിൽ ഈസ്റ്റ് മോണിറ്റർ തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതി. 2014ൽ കസാക്കിസ്ഥാൻ ഗവൺമെന്റ് വിദേശ പത്രപ്രവർത്തകർക്കായി നടത്തിയ ഫീച്ചർ മത്സരത്തിൽ ലോകത്തിലെ അഞ്ചു വിജയികളിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ള വിജയി. മികച്ച പത്രപ്രവർത്തകനുള്ള റഹീം മേച്ചേരി പുരസ്‌കാരം നേടി. ഇപ്പോൾ ദി ദോഹ ഗ്ലോബ് (www.thedohaglobe.com) എന്ന ഇംഗ്ലീഷ് ന്യൂസ് വെബ്സൈറ്റിൽ മാനേജിംഗ് എഡിറ്ററായി ജോലി ചെയ്യുന്നു.  ഈയുഗം വാർത്താ വെബ്സൈറ്റ് (www.eyugam.com) എഡിറ്റർ.

പുസ്തക താളുകളിലൂടെ

പ്രമുഖരുടെ അഭിപ്രായങ്ങൾ

ഹുസൈൻ അഹ്മദ് ഒന്നും നിർദ്ദേശിക്കുന്നില്ല, ഉപദേശിക്കുന്നുമില്ല. പകരം, ചിരപരിചിതനായ ഒരു ചങ്ങാതിയെപ്പോലെ കൂടെ സഞ്ചരിക്കുന്നു. സുഹൃദ് ഭാഷണത്തിനിടയിൽ അറിയേണ്ട പല കാര്യങ്ങളെക്കുറിച്ചും നമ്മെ ബോധ്യപ്പെടുത്തുന്നു. ഏറെ ഫലപ്രദമാണ് ആഖ്യാനതലത്തിലെ ഈ അനൗപചാരികത. ഈ ഉദ്യമത്തിലെ സത്യസന്ധതയും ആത്മാർത്ഥതയും ആദരണീയമായി ഞാൻ കരുതുന്നു.

- ജോൺ പോൾ
(തിരക്കഥാകൃത്ത്)

വിപണിയിലെ എല്ലാ സ്‌പോക്കൺ ഇംഗ്ലീഷ് ഗ്രന്ഥങ്ങളും പരിശോധിച്ചില്ലെങ്കിൽ തന്നെയും പെർഫക്റ്റ് ഇംഗ്ലീഷ് ഇവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നു എന്നതിൽ സംശയമില്ല. പെർഫക്റ്റ് ഇംഗ്ലീഷിന്റെ സങ്കൽപ്പം തൊട്ട് അവതരണം വരെയുള്ള കാര്യങ്ങളിൽ വ്യത്യസ്തത അറിയാനാവും. വായിക്കാനും, മനസ്സിലാക്കാനും എളുപ്പമാക്കി തീർക്കുന്ന രീതിയിലാണ് ഈ കൃതിയുടെ രൂപകൽപ്പന. ഉദ്വേഗം വളർത്തിയെടുത്തുകൊണ്ടാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അനാവരണം ചെയ്തിരിക്കുന്നത്.

- എൻ.പി. ഹാഫിസ് മുഹമ്മദ്‌
(നോവലിസ്റ്റ് )

It’s impossible for me to read this book as it is in Malayalam, but from an overview of the English content, here’s what I can say: ‘Perfect English’ is a valuable resource, in which Hussain Ahmad provides an authoritative, in-depth and user-friendly approach to conversational and situation-specific English, with great attention to detail and the various nuances of meaning across a range of contemporary spoken contexts. The vocabulary and idiomatic expressions are at once diverse and highly relevant in modern spoken English, making “Perfect English” a timely and relevant book, the reading experience of which is enlivened by its meaningful employment of cartoon illustrations.

 

മലയാളത്തിലായതിനാൽ  ഈ പുസ്തകം എനിക്ക് വായിക്കാൻ സാധിക്കില്ല. എന്നാൽ ഇതിലെ ഇംഗ്ലീഷ് വിവരണങ്ങൾ വായിച്ചതിൽ നിന്നും “പെർഫക്ട് ഇംഗ്ലീഷ്” എന്ന ഈ പുസ്തകം ഒരു വിലയേറിയ മുതൽക്കൂട്ടാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. ആധികാരികവും ആഴത്തിലുള്ളതും വായനക്കാർക്ക് എളുപ്പത്തിൽ ഗ്രഹിക്കാനാവുന്നതുമായ വിധത്തിലാണ് ഹുസൈൻ അഹമ്മദ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. സംഭാഷണങ്ങളിലും സാന്ദർഭികമായും ഉപയോഗിക്കാനാവുന്ന ഇംഗ്ലീഷ് പ്രയോഗങ്ങളാൽ സമ്പന്നമാണ് ഈ പുസ്തകം. സൂക്ഷ്മമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചും സമകാലിക സംഭാഷണ പശ്ചാത്തലങ്ങളിൽ ഉപയോഗിക്കുന്ന അർത്ഥ വ്യത്യാസങ്ങളെ വിശദമായി വിവരിച്ചുമാണ് അദ്ദേഹം ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇതിലുപയോഗിച്ചിരിക്കുന്ന പദസഞ്ചയവും ഭാഷാ വ്യവഹാരങ്ങളും വൈവിധ്യത പുലർത്തുന്നതാണെന്ന് മാത്രമല്ല ആധുനിക ഇംഗ്ലീഷ് സംസാരഭാഷയിൽ അതീവ പ്രാധാന്യമർഹിക്കുന്നവയുമാണ്.

ഇക്കാരണങ്ങളെല്ലാം തന്നെ “പെർഫക്ട് ഇംഗ്ലീഷി”നെ സമയോചിതമായ ഒരു രചനയാക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന കാർട്ടൂൺ ചിത്രീകരണങ്ങൾ വായനക്കാർക്ക് കൂടുതൽ ജീവസ്സുറ്റ വായനാനുഭവം സമ്മാനിക്കുമെന്ന് തീർച്ചയാണ്.

- Dr Amy Jane Christmas (England)

(Assistant Professor, Department of English Literature, Qatar University)